ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

കേരളത്തിലെ പൌരാണിക ക്ഷേത്രങ്ങളിലൊന്നായ തലയോലപ്പറമ്പ് കാര്‍ത്ത്യായനി ക്ഷേത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു തലയോലപ്പറമ്പിന്റെ ഐതിഹ്യം. ഏകദേശം 5 പതിറ്റാണ്ടുകള്‍ക്കുമുമ്പുവരെ കാര്‍ത്ത്യായനി ക്ഷേത്രത്തിന്റെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ താളിയോലകൾ പേറുന്ന പനകള്‍ ധാരാളമായി ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് ആ ഭൂവിഭാഗത്തെ താളിയോലപ്പറമ്പ് എന്ന് വിളിച്ചിരുന്നുവെന്നും പിന്നീട് അത് ലോപിച്ച് തലയോലപ്പറമ്പ് ആയി മാറിയെന്നുമാണ് വിശ്വാസം. ആദ്യകാലത്ത് ക്ഷേത്രത്തിനു ചുറ്റുമുള്ള ഭൂവിഭാഗങ്ങള്‍ക്കുമാത്രമാണ് തലയോലപ്പറമ്പ് എന്ന് വിളിച്ചിരുന്നത്. വേണാടിന്റെ ചരിത്രവുമായും ബന്ധപ്പെട്ടു കിടക്കുന്നു തലയോലപ്പറമ്പ് എന്ന നാമം. വടക്കന്‍കൂർ രാജാവിനെ വധിച്ച ചാഴിയില്ലത്തെ മന്ത്രിക്ക് പ്രതിഫലമായി വേണാട്ടരചന്‍ കരം ഒഴിവായി സ്ഥലങ്ങൾ വിട്ടുകൊടുത്തു. ആദ്യത്തെ ഓലയില്‍ (തലയോലയില്‍) എഴുതിക്കൊടുത്ത സ്ഥലങ്ങള്‍ക്ക് തലയോലപ്പറമ്പ് എന്ന പേര് വന്നു എന്നും അതല്ല പരശുരാമന്‍ ആദ്യത്തെ ഓലയില്‍ (തലയോലയില്‍) എഴുതി ദാനം ചെയ്ത സ്ഥലമായതുകൊണ്ടാണ് തലയോലപ്പറമ്പ് ആയതെന്നും മറ്റൊരു വിശ്വാസമുണ്ട്. കുട്ടനാടിന്റെ വടക്കേ തലഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഈ പ്രദേശത്തിന് തലപ്പറമ്പ് എന്നു പേരുണ്ടായി എന്നും അത് പിന്നീട് തലയോലപ്പറമ്പായി മാറിയെന്നും മറ്റു ചിലര്‍ വിശ്വസിക്കുന്നു.

ചരിത്രത്തിന്റെ ഏടുകള്‍ മറിക്കുമ്പോൾ

              കേരളത്തിന്റെ ഭരണം നിയന്ത്രിച്ച പെരുമാക്കന്‍മാരില്‍  ഒടുവിലത്തെ പെരുമാള്‍,    കേരളം അദ്ദേഹത്തിന്റെ ആശ്രിതന്മാര്‍ക്ക് വീതിച്ചുകൊടുത്തതില്‍ ഒന്നാണ് വൈക്കം താലൂക്കില്‍പ്പെടുന്ന വടക്കുംകൂര്‍ രാജ്യം. മറ്റു രാജവംശങ്ങളില്‍ കാണാത്ത ഒരു പ്രത്യേകത ഈ രാജവംശത്തിനുണ്ടായിരുന്നു. ഒരു രാജാവ് തീപ്പെട്ടാല്‍ അടുത്ത സ്ഥാനമേല്‍ക്കുന്ന രാജാവ് രാജ്യത്തിന്റെ തലസ്ഥാനം മറ്റൊരു ഗ്രാമത്തിലേക്ക് മാറ്റുന്ന ഒരു രീതി നിലനിന്നിരുന്നു. വടക്കുംകൂര്‍ രാജ്യത്തിന്റെ തലസ്ഥാനം ഓരോ രാജാവിന്റെ ഭരണകാലത്തും ഓരോ ഗ്രാമങ്ങളായിരുന്നു. ഇതുകൊണ്ടാവാം ഇവിടുത്തെ ഗ്രാമങ്ങളില്‍ കൊട്ടാരങ്ങളുടെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണപ്പെടുന്നത്. ഇത്രയധികം ഐതിഹ്യങ്ങള്‍ സ്വന്തം സാംസ്കാരിക സ്മൃതിയില്‍ സൂക്ഷിക്കുന്ന ഒരു നാട് കേരളത്തില്‍ അപൂര്‍വ്വമാണ്. ഇവയില്‍ ഏറ്റവും പ്രധാനം ഇളംകാവ് ക്ഷേത്രത്തിലെ അതിമനോഹരമായ ആറ്റുവേല എന്ന ജലോത്സവവുമായി ബന്ധപ്പെട്ടുകിടക്കുന്നു. കൊടുങ്ങല്ലൂർ ഭക്തനായ ഒരു വടക്കുംകൂർ രാജാവ് കൊടുങ്ങല്ലൂരമ്മയെ പ്രസാദിപ്പിക്കാന്‍ വഴിപാടായി ഒരു തേര് (ആറ്റുവേല) തയ്യാറാക്കി വേമ്പനാട്ട് കായലില്‍ കൂടി കൊടുങ്ങല്ലൂര്‍ക്കയച്ചു. രാജാവും സമൂഹവും കൊടുങ്ങല്ലൂരെത്തിയിട്ടും ആറ്റുവേലയെത്തിയില്ല. കൊച്ചി കായലില്‍ പാറാവ് നടത്തിയിരുന്ന പറങ്കികളുടെ കപ്പലുകള്‍ ആറ്റുവേലയെ യുദ്ധക്കപ്പലായി തെറ്റിദ്ധരിച്ച് തട്ടിക്കൊണ്ടുപോയി. രാജാവിന്റെ ദുഃഖം തീര്‍ക്കാന്‍ ചെമ്മനത്തുകരയിലുള്ള മഹാമാന്ത്രികനായ പറേക്കാട്ട് പണിക്കര്‍ തന്റെ മാന്ത്രിക വിദ്യ കൊണ്ട് അവരെ പരാജയപ്പെടുത്തി. ആറ്റുവേലയെ കൊടുങ്ങല്ലൂരെത്തിച്ചു. ദേവിയുടെ വരവിനെ സൂചിപ്പിക്കുന്ന ആഘോഷമായി മാറി പിന്നീട് ആറ്റുവേല എന്ന ജലോത്സവം. പ്രാദേശികങ്ങളായ സ്ഥലനാമങ്ങള്‍ക്കുമുണ്ട് മറ്റനേകം രസകരങ്ങളായ നാടോടി പുരാവൃത്തങ്ങള്‍. വടക്കുള്ള ആറ് വടയാര്‍ ആയതും ചുമ്മാകുന്ന് ഉമ്മാകുന്ന് ആയതും പൊട്ടുന്ന ചിറയുള്ള സ്ഥലം പൊട്ടന്‍ചിറയായതും കരിസായിപ്പിന്റെ കാലത്തുണ്ടായ നിലം കരിനിലമായതും പാണ്ഡവന്മാരുടെ വനവാസകാലത്ത് അവര്‍ തങ്ങളുടെ പൊന്നു സൂക്ഷിച്ചിരുന്ന സ്ഥലം പൊന്നിരിക്കുംപാറയായതും മണല്‍കൂനയായിരിക്കുന്ന സ്ഥലം മണല്‍കുന്നായതും കാര്‍ത്ത്യായനി ദേവിയാല്‍ എറിയപ്പെട്ട് കുന്നില്‍ വന്നപ്പോള്‍ വിടാ ഈ കുന്ന് എന്ന് പറഞ്ഞ ശാസ്താവിന്റെ സ്ഥലം മിടായിക്കുന്നുമായതും തലപ്പത്തുള്ളപ്പാറ തലപ്പാറയായതും വഴിപോക്കര്‍ പൊതിച്ചോറുണ്ടിരുന്ന സ്ഥലം പൊതിയാ എന്നും വിശ്വസിക്കപ്പെടുന്നു. പ്രശസ്തമായ തലയോലപ്പറമ്പ് ചന്ത 1807-ല്‍ വേലുത്തമ്പിദളവയാല്‍ സ്ഥാപിക്കപ്പെട്ടതാണ്. തലയോലപ്പറമ്പിനെ പിളര്‍ന്ന് അതിന്റെ വിരിമാറിലൂടെ ഒഴുകുന്ന പുഴയാണ് കുറുന്തറപ്പുഴ. തലയോലപ്പറമ്പു ചന്തയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഈ പുഴയില്‍ കൂടി നാനാതരത്തിലുള്ള വള്ളങ്ങള്‍ പോകുകുയും വരികയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്നത്തെ ഔട്ട് പോസ്റ്റിനു തെക്കുവശത്തുളള കടവില്‍ നിന്നു ചന്തസാമാനങ്ങൾ കയറ്റി ആലപ്പുഴ, കൊച്ചി പ്രദേശത്തേക്കു പോകുന്ന വള്ളങ്ങള്‍ പതിവു കാഴ്ചയായിരുന്നു. ചന്തയുടെ ജീവനായി നിലനില്‍ക്കുന്ന കിഴക്ക് കാണുന്ന തോട് പട്ടം താണുപിള്ളയുടെ മന്ത്രിസഭാംഗമായ കെ.ആര്‍.ഇലങ്കത്തിന്റെ കാലത്ത് വെട്ടിയതാണ്. തലയോലപ്പറമ്പില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ വടയാറില്‍ ഒരടിമചന്ത നിലനിന്നിരുന്നു. അടിമകളായി ജീവിച്ചിരുന്ന അധികൃതരുടെ അനന്തരഗാമികൾ ഇപ്പോഴും തലയോലപ്പറമ്പിലുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വസ്തുവകകളും കൈമാറ്റം ചെയ്യുന്ന കൂട്ടത്തില്‍ അടിമകളായി മനുഷ്യരെയും വാണിജ്യ ഉല്‍പ്പന്നങ്ങളാക്കിയിരുന്നുവെന്നതിന് ചരിത്രം സാക്ഷിയാണ്. വര്‍ഷങ്ങള്‍ക്കുശേഷം സേതുപാര്‍വ്വതിഭായി തമ്പുരാട്ടി അടിമക്കച്ചവടം നിര്‍ത്താലാക്കുന്നതുവരെ അതിവിടെ തുടര്‍ന്നിരുന്നു എന്നതിനും രേഖകളുണ്ട്. സാധനങ്ങള്‍ കൊടുത്ത് സാധനങ്ങൾ വാങ്ങുന്ന സമ്പ്രദായം ഇവിടെ നിലനിന്നിരുന്നു. ഇപ്പോഴും വടയാര്‍ ക്ഷേത്രത്തിന്റെ തെക്കുഭാഗത്ത് എല്ലാ കര്‍ക്കിടക ഒന്നാം തിയതിയും (സംക്രാന്തി ദിവസം) ഈ രീതിയില്‍ കച്ചവടം നടന്നുവരുന്നു. വടക്കുംകൂര്‍ തിരുവിതാംകൂറിന്റെ ഭാഗമായതിനുശേഷം ഇളംകാവ് ക്ഷേത്രം, തിരുപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മാത്താനം ക്ഷേത്രം, ഭൂതന്‍കേരി ധര്‍മ്മശാസ്താ ക്ഷേത്രം, അയ്യപ്പന്‍ കോവില്‍ ക്ഷേത്രം, പുണ്ഡരീകപുരം ക്ഷേത്രം മുതലായ നിരവധി ക്ഷേത്രങ്ങള്‍ ഇവിടെയുണ്ട്. വിശാലമായ മൈതാനത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് മാത്താനം (മൈതാനം) ക്ഷേത്രമെന്നും പ്രതിഷ്ഠ ബ്രഹ്മസങ്കല്പമായതിനാല്‍ മാത്താനം ബ്രഹ്മപുരം ക്ഷേത്രമെന്നും നാമകരണം ചെയ്തു. മിഠായികുന്നത്ത് സ്ഥിതി ചെയ്യുന്ന പുണ്ഡരീകപുരം ക്ഷേത്രഭിത്തിയില്‍ വരച്ചിരിക്കുന്ന ചുവര്‍ചിത്രങ്ങൾ16-ാം നൂറ്റാണ്ടിലും വാസ്തുശില്പങ്ങള്‍ 14-ാം നൂറ്റാണ്ടിലും ചിത്രീകരിച്ചതാണെന്ന് വിദഗ്ദര്‍ പറയുന്നു. വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിനു സമീപം മൂവാറ്റുപുഴയാറ്റില്‍ വര്‍ഷംതോറും മീനമാസത്തിലെ അശ്വതിനാളില്‍ നടക്കുന്ന ആറ്റുവേല ആയിരക്കണക്കിനാളുകളെ ആകര്‍ഷിക്കുന്നു. മുസ്ളീം ജനങ്ങളുടെ ആത്മീയകേന്ദ്രമായ തലയോലപ്പറമ്പ് മുഹയുദ്ദീന്‍ പള്ളിക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. കേരളീയ വാസ്തുശില്പകലയുടെ മഹനീയത വിളിച്ചറിയിക്കുന്ന ചിത്രത്തൂണുകളും ചിത്രപ്പണികളാല്‍ ആലങ്കാരികമായ മേല്‍ത്തട്ടുമുള്ള അകത്തെ പള്ളി അതിമനോഹരമാണ്. കേരളത്തിലെ പഴയ നാലുകെട്ടിന്റെ മാതൃക തോന്നിക്കുന്ന പുറത്തെ പള്ളിയോടു ചേര്‍ന്ന അംഗശുദ്ധി വരുത്തുന്നതിനായി വെള്ളം ശേഖരിക്കുന്നതിനുള്ള കുളം (ഹൌള്) സന്ദര്‍ശകരില്‍ അതീവ കൌതുകമുണര്‍ത്തുന്നു. മുസ്ളീങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മിഠായിക്കുന്നത്തും ഒരു മുസ്ളീം പള്ളി സ്ഥാപിതമായിട്ടുണ്ട്. മുസ്ളീങ്ങള്‍ക്ക് മതവിദ്യാഭ്യാസത്തിനായിട്ടുള്ള മദ്രസ്സകള്‍ തലയോലപ്പറമ്പിലും പാലാംകടവിലും വെട്ടിക്കാട്ട് മുക്കിലും പ്രവര്‍ത്തിക്കുന്നു. പാലാംകടവില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ഥാപിക്കപ്പെട്ട ഓത്തുപള്ളിയിലാണ് വിശ്വസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീര്‍ തന്റെ മതവിദ്യാഭ്യാസം നടത്തിയിട്ടുള്ളത്. വേലുത്തമ്പിദളവയുടെ നിര്‍ദ്ദേശത്താല്‍ സ്ഥാപിതമായ ചന്തയുടെ സമീപത്തായി മുപ്പതില്‍പ്പരം കത്തോലിക്കാ കുടുംബാംഗങ്ങള്‍ താമസിച്ചിരുന്നു. എല്ലാദിവസവും കത്തോലിക്കര്‍ സന്ധ്യാപ്രാര്‍ത്ഥന നടത്തുന്നതിന് സ്ഥാപിച്ച കുരിശടി, കുരിശുപള്ളിയായും പിന്നീട് 1895-ല്‍ അത് ഇടവക പള്ളിയുമായി മാറി. ചന്തയുടെ സമീപത്തുള്ള പള്ളിയായതുകൊണ്ട് ഇതിന് ചന്തേപ്പള്ളിയെന്നും വിളിക്കുന്നുണ്ട്. ചന്തയുടെ നടുവിലായി അമലോത്ഭവ മാതാവിന്റെ കപ്പേള സ്ഥിതി ചെയ്യുന്നു. പൌരസ്ത്യ പാശ്ചാത്യ ശില്പകലകളെ ആശ്രയിച്ച് പണിത തലയോലപ്പറമ്പ് പള്ളി, പല ദേശത്തു നിന്നുമുള്ള തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്നു.

 

                            പ്രാദേശിക സ്വയംഭരണ സര്‍ക്കാര്‍                                

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് 

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ കടുത്തുരുത്തി ബ്ളോക്കില്‍ വടയാര്‍ വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത്. 20.63 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകൾ തെക്ക് തലയാഴം, കല്ലറ, കടുത്തുരുത്തി പഞ്ചായത്തുകള്‍, വടക്ക് മുളക്കുളം, വെള്ളൂര്‍ പഞ്ചായത്തുകൾ, കിഴക്ക് മുളക്കുളം, കടുത്തുരുത്തി പഞ്ചായത്തുകള്‍, പടിഞ്ഞാറ് മറവന്‍തുരുത്ത്, വെള്ളൂര്‍, ഉദയനാപുരം പഞ്ചായത്തുകൾ എന്നിവയാണ്. ഈ ഗ്രാമത്തിന്റെ സമൃദ്ധിക്ക് നിദാനം മൂവാറ്റുപുഴയാറാണ്. കേരളത്തിലെ ചുരുക്കം ചില ഗ്രാമങ്ങള്‍ക്കുമാത്രം അവകാശപ്പെടാവുന്ന സംഭവബഹുലമായ ചരിത്രമാണ് ഈ ഗ്രാമത്തിന്റെ മുഖമുദ്ര. തലയെടുപ്പുള്ള സാഹിത്യ സാംസ്കാരിക രാഷ്ട്രീയ നായകന്‍മാര്‍ ഈ ഗ്രാമം ലോകത്തിന് സമ്മാനിച്ചു. വിശ്വസാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍, തിരുവിതാംകൂര്‍ നിയമസഭാ സ്പീക്കര്‍, തിരുകൊച്ചി മുഖ്യമന്ത്രി, മദ്രാസ് ഗവര്‍ണ്ണര്‍ എന്നീ സ്ഥാനങ്ങള്‍ അലങ്കരിച്ച ഏ.ജെജോണ്‍, നിയമസഭാ സാമാജികന്‍, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ്, സാമുദായിക നേതാവ് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ.ആര്‍.നാരായണന്‍ എന്നിവര്‍ ആ പ്രദേശത്തിന്റെ അഭിമാനമാണ്. തിരുവിതാംകൂര്‍ ദളവയായിരുന്ന വേലുത്തമ്പിയാല്‍ സ്ഥാപിക്കപ്പെട്ട മാര്‍ക്കറ്റാണ് തലയോലപ്പറമ്പിലുള്ളത്. പഴയകാല കോട്ടയം ഡിവിഷനില്‍പ്പെട്ട ഹൈറേഞ്ച് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ഉല്‍പ്പന്നങ്ങള്‍ തലയോലപ്പറമ്പ് മാര്‍ക്കറ്റ് വഴിയാണ് ആലപ്പുഴ-കൊച്ചി എന്നീ വാണിജ്യ കേന്ദ്രങ്ങളിലേക്ക് എത്തിച്ചിരുന്നത്. ചരിത്രം നിധി കുംഭങ്ങളായി മറഞ്ഞു കിടക്കുന്ന പുണ്ഡരീകപുരംക്ഷേത്രം അജന്താ ചുവര്‍ചിത്രങ്ങളില്‍ തുടരുന്ന ചിത്രകലാ പാരമ്പര്യത്തിന്റെ ഭാഗമാണ്. പച്ചിലച്ചാറുകളില്‍ രചിച്ചിട്ടുള്ള ഈ ഇതിഹാസ ചിത്രങ്ങള്‍ വിദേശ ടൂറിസ്റ്റുകളെ പോലും ആകര്‍ഷിച്ചിട്ടുണ്ട്. ഈ പഞ്ചായത്തില്‍ പത്ത് ഹൈന്ദവ ക്ഷേത്രങ്ങളും, മൂന്ന് ക്രൈസ്തവ ഇടവകദേവാലയങ്ങളും, രണ്ട് മുസ്ളീം പള്ളികളുമുണ്ട്. ആധുനിക പുരാതന ശില്പകലാ മാതൃകകളാണ് ഇവിടെ ദര്‍ശിക്കാനാവുക. കേരളത്തില്‍ മറ്റൊരിടത്തുമില്ലാത്ത ഒരു ജലോത്സവം തലയോലപ്പറമ്പിന് മാത്രം അവകാശപ്പെട്ടതാണ്. വടയാര്‍ ഇളംകാവ് ക്ഷേത്രത്തില്‍ വര്‍ഷം തോറും മീനമാസത്തിലെ അശ്വതിനാളില്‍ നടത്തുന്ന ആറ്റുവേലയാണിത്. മൂവാറ്റുപുഴയാറില്‍ വലിയ വഞ്ചികളില്‍ മൂന്ന് നിലകളിലായി ആറ്റുവേല നിര്‍മ്മിക്കുന്നു. ആറ്റുവേലക്ക് അകമ്പടി സേവിച്ച് തട്ടിലൊരുക്കിയ ഗരുഡന്‍ തൂക്കങ്ങളും, വഞ്ചികളിലൊരുക്കിയ വൈദ്യുത ദീപാലങ്കാരങ്ങളും ഉണ്ടാകും. നിരവധി വിദേശ ടൂറിസ്റ്റുകളും ആറ്റുവേല ദര്‍ശിക്കാനെത്താറുണ്ട്.